ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ പ്രായം ചെല്ലുന്തോറും വീര്യം കൂടുന്നവരാണ് വിരാട് കോഹ്ലിയും രോഹിത് ശര്മയുമെന്നു വീണ്ടും തെളിഞ്ഞു.
2026 ഐപിഎല്‍ സീസണിന്റെ തുടക്കദിനങ്ങളില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മിന്നും ബാറ്റിംഗുമായി ആരാധക മനം കീഴടക്കി. ഐസിസി 2024 ലോകകപ്പ് നേട്ടത്തോടെ ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീമില്‍നിന്ന് മാറിനില്‍ക്കുന്നവരാണ് കോഹ്ലിയും രോഹിത്തും.
രോഹിത്തും കോഹ്ലിയും ഇല്ലാതെ 2026ല്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നിലനിര്‍ത്തി. എന്നാല്‍, 2026 ഐപിഎല്ലിന്റെ തുടക്കത്തില്‍ത്തന്നെ 37കാരനായ കോഹ്ലിയും 38കാരനായ രോഹിത്തും വീണ്ടും തങ്ങളുടെ ട്വന്റി-20 വൈഭവം പുറത്തെടുത്തു.
2026 സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 38 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വീതം സിക്സും ഫോറും പറത്തിയ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 181.58 ആയിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ആര്‍സിബി ആറ് വിക്കറ്റിന്റെ ചേസിംഗ് ജയം നേടിയതില്‍ കോഹ്ലിയുടെ ഇന്നിംഗ്സ് നിര്‍ണായകമായി.
തൊട്ടുപിറ്റേദിനം മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മയുടെ വെടിക്കെട്ട്. 38 പന്തില്‍ ആറ് വീതം സിക്സും ഫോറും അടക്കം 78 റണ്‍സ് രോഹിത് അടിച്ചുകൂട്ടി. 205.26 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്റെ ചേസിംഗ് ജയം നേടിയപ്പോള്‍ രോഹിത് നിര്‍ണായക പങ്കുവഹിച്ചു.
2025 സീസണ് ഐപിഎല്ലില്‍ രോഹിത് ശര്‍മ 15 മത്സരങ്ങളില്‍നിന്ന് നാല് അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 418 റണ്‍സ് നേടിയിരുന്നു. കോഹ്ലിയാകട്ടേ 15 മത്സരങ്ങളില്‍നിന്ന് എട്ട് അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 657 റണ്‍സും.
സമ്മര്‍ദമില്ല; ശാന്തം സുന്ദരം
ഇന്ത്യന്‍ ടീമില്‍ കളിക്കുന്നില്ല. ഐപിഎല്ലില്‍ സ്വന്തം ടീമുകളുടെ ക്യാപ്റ്റന്‍സിയില്ല. ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കുന്നു. സമ്മര്‍ദമില്ല. എല്ലാം ശാന്തം, ബാറ്റിംഗ് അതി സുന്ദരം. രോഹിത് ശര്‍മയുടെയും വിരാട് കോഹ് ലിയുടെയും ഐപിഎല്‍ ജീവിതം ഇങ്ങനെ നിര്‍വചിക്കാം.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരശേഷം മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞത് ഇങ്ങനെ: രോഹിത് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദങ്ങളില്ല. ശാന്തമായി ചിന്തിക്കാന്‍ അയാള്‍ക്കു സാധിക്കുന്നു. അയാള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമോ, അതിനായി അയാളെ ടീം പൂര്‍ണമായി സ്വതന്ത്രനാക്കിയിരിക്കുന്നു. ടീം ഒന്നടങ്കം അയാള്‍ക്കു പിന്നില്‍ അണിചേരുന്നു.
രോഹിത് 1, കോഹ്ലി 2
ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിന് എതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കാര്‍ഡില്‍ വിരാട് കോഹ്ലിയെ രോഹിത് ശര്‍മ പിന്തള്ളി. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിലെ ഇന്നിംഗ്സിലൂടെയായിരുന്നു രോഹിത്തിന്റെ ഈ നേട്ടം.
ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ 36 മത്സരങ്ങളില്‍ 1160 റണ്‍സ് നേടിയതായിരുന്നു കോഹ്ലിയുടെ റിക്കാര്‍ഡ്. കെകെആറിന് എതിരേ 36 മത്സരങ്ങളില്‍നിന്ന് 1161 റണ്‍സ് നേടി രോഹിത് ഇതു മറികടന്നു. പഞ്ചാബ് കിംഗ്സിന് എതിരേ 1159ഉം ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരേ 1154 റണ്‍സും കോഹ്ലി നേടിയിട്ടുണ്ട്.